അബുദാബി: പ്രവാസ ഭൂമിയിലെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും അനന്യസാധാരണമായ കലാപ്രതിഭ കൊണ്ട് വിസ്മയക്കാഴ്ചകളുടെ ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കി ശ്രദ്ധേയനായ അനിൽ കുമ്പനാട് കേരളത്തിലേക്ക് മടങ്ങുന്നു.
32 വർഷത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ടുകൊണ്ടാണ് അനിൽ നാട്ടിലേയ്ക്ക് മടങ്ങുന്നത്. യുഎഇയുടെ ഓരോ ദേശീയദിനത്തിലും അനിൽ ഒരുക്കിയ ദൃശ്യ വിരുന്നുകൾ, അസാമാന്യ കരവിരുതിന്റെ അത്ഭുതം ഒളിപ്പിച്ചിരുന്ന കലാസൃഷ്ടികളായിരുന്നു.
യുഎഇ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും ഭീമാകാരമായ ഛായാചിത്രങ്ങൾ ആയിരക്കണക്കിന് ഹിജാബ് പിന്നുകൾ ഉപയോഗിച്ച് നിർമിച്ചത് ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.
മദീന സായിദ് ഷോപ്പിംഗ് മാളിന് മുന്നിലാണ് ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നത്. കൂടാതെ 18 മീറ്റർ ഉയരത്തിലുള്ള ബലൂൺ കൊണ്ടും വെള്ളം ഉപയോഗിച്ചും ഒരുക്കിയ വാട്ടർ ഫ്ലാഗ് ജനശ്രദ്ധയാകർഷിച്ച മറ്റൊരു കാഴ്ചാനുഭവമായിരുന്നു.
പ്രമേഹ രോഗത്തെത്തുടർന്ന് കണ്ണിന്റെ കാഴ്ചയ്ക്ക് കാര്യമായ മങ്ങലേറ്റുവെങ്കിലും അകക്കണ്ണിന്റെ പരിമിതമായ കാഴ്ചവട്ടത്തിൽ നിന്നുമാണ് അനിൽ അനുപമമായ തന്റെ കലാനൈപുണ്യം പ്രകടിപ്പിച്ചുകൊണ്ടിരുന്നത്.
ചിത്രകലയിൽ മാത്രമല്ല, ഗാനരചനയിലും കഴിവ് പുലർത്തിയിരുന്ന അനിൽ
തൊഴിലിനിടയിൽ കിട്ടുന്ന ഒഴിവ് സമയം പാട്ടെഴുതുവാനും വിനിയോഗിച്ചിരുന്നു. യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നാല് സെലിബ്രേഷൻ ഗാനം രചിച്ച് അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
1994 ഓഗസ്റ്റ് 15നു ദുബായിലെത്തി. രണ്ടു വർഷം അൽ ബ്രാവോ അഡ്വെർടൈസിംഗ് കമ്പനിയിൽ ജോലി ചെയ്ത ശേഷം തൊഴിൽ തേടി അബുദാബിയിൽ വരികയായിരുന്നു.
തുടർന്ന് 11 വർഷം മദീന സായിദ് മാളിൽ അൽ ജസീറ മാനേജ്മെന്റിൽ ജോലിയിൽ പ്രവേശിക്കുകയും മാൾ ലുലു ഗ്രൂപ്പ് ഏറ്റെടടുത്തതിന് ശേഷം മാളിലെ സർവീസസ്, ഹൗസ് കീപ്പിംഗ് ആൻഡ് മെയിന്റനൻസ് ചാർജ് അനിലിനായിരുന്നു.
ജീവിതത്തിന്റെ അറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ സഹായിച്ച പ്രവാസഭൂമിയോടുള്ള കടപ്പാടിന്റെ പ്രതീകമായി, താൻ ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച പ്രദേശങ്ങളായ മദീന, ഖാലിദിയ എന്നിവയിൽ നിന്നുള്ള അക്ഷരങ്ങൾ ചേർത്താണ് പെണ്മക്കൾക്ക് അൽദിന, അൽദിയ എന്നീ പേരുകൾ നൽകിയതെന്ന് അനിൽ പറഞ്ഞു.
ഭാര്യ ലിസിക്കും മക്കൾക്കും ഒപ്പം കഴിയുന്നതും നാട്ടിൽ കലാപ്രവർത്തനവുമായി ബന്ധപ്പെട്ട തൊഴിലുകൾ തുടരുന്നതുമാണ് അനിലിന്റെ പുതിയ ലക്ഷ്യങ്ങൾ.
അനിൽ സി. ഇടിക്കുള